മുത്ത് കൃഷി - Business Ideas In India .in

Guidance and Business Ideas for Micro, Small and Medium Enterprises in Kerala.

Monday, September 15, 2014

മുത്ത് കൃഷി

മുത്ത് കൃഷി നേട്ടമാക്കിയ കര്‍ഷകന്‍
കര്‍ഷകന്‍: കെ.ജെ മാത്തച്ചന്‍
പ്രവര്‍ത്തനരംഗം: മുത്ത് കൃഷി, മുത്ത് കൃഷി പരിശീലനം

സവിശേഷത: കേരളത്തില്‍ വിരലിലെണ്ണാവുന്നവര്‍ മാത്രം ചെയ്യുന്ന കൃഷി. ഒന്നിന് 800 രൂപയെങ്കിലും വിലയുള്ള രണ്ട് ലക്ഷത്തോളം മുത്തുകള്‍ ഫാമില്‍ ഒരേ സമയം രൂപപ്പെടുത്തുന്നു. പരിശീലനവും നല്‍കുന്നു

അവസരങ്ങള്‍ മുന്‍കൂട്ടി കണ്ടറിയുന്നതിന്് ബിസിനസില്‍ മാത്രമല്ല കാര്‍ഷിക വൃത്തിയിലും വലിയ പ്രാധാന്യമുണ്ടെന്ന് കാസര്‍കോട് മാലക്കല്ലിലെ കെ ജെ മാത്തച്ചന്‍ എന്ന കര്‍ഷകന് നന്നായി അറിയാം. അതു കൊണ്ടാണ് വാനില കൃഷി നടത്തി ഹതാശരായ ആയിരക്കണക്കിന് കര്‍ഷകരുടെ കൂട്ടത്തില്‍ അദ്ദേഹം ഇല്ലാത്തത്. വാനില കൃഷി വ്യാപകമാകുന്നതിനു മുമ്പേ അതു നടത്തി വിജയം കൊയ്ത വ്യക്തിയാണ് അദ്ദേഹം. ഇന്നിപ്പോള്‍ അപൂര്‍വമായ ഒരു കൃഷിയിലൂടെയാണ് അദ്ദേഹം അറിയപ്പെടുന്നത്. കേരളത്തില്‍ വിരലിലെണ്ണാവുന്നവര്‍ മാത്രം ചെയ്യുന്ന മുത്ത് കൃഷി. ഒന്നിന് ചുരുങ്ങിയത് 800 രൂപയെങ്കിലും ലഭിക്കാവുന്ന രണ്ടു ലക്ഷത്തോളം മുത്തുകളാണ് അദ്ദേഹത്തിന്റെ ഫാമില്‍ രൂപപ്പെട്ടു കൊണ്ടിരിക്കുന്നത്.
1986
വരെ വിദേശത്തായിരുന്നു മാത്തച്ചന്‍. സൗദി-ബഹ്‌റൈന്‍ അതിര്‍ത്തിയിലെ മുനമ്പില്‍ തകര്‍ന്ന കപ്പല്‍ പാട്ടത്തിനെടുത്ത് മുത്തു കൃഷി ചെയ്യുന്ന കമ്പനിയില്‍ ജീവനക്കാരനായിരുന്നു അദ്ദേഹം. അവിടെ നിന്നാണ് മുത്ത് കൃഷിയുടെ വിവിധ വശങ്ങള്‍ പഠിച്ചെടുത്തത്. 1999ല്‍ മുത്ത് കൃഷി ചെയ്യാന്‍ തുടങ്ങി. ആദ്യം വീട്ടുവളപ്പിലെ കുളത്തിലും മറ്റും കൃഷി ചെയ്തു. ഇന്നിപ്പോള്‍ ബക്കറ്റുകളിലായി കൃഷി. അതുകൊണ്ടു തന്നെ ചുരുങ്ങിയ സ്ഥലത്ത് കൂടുതല്‍ കൃഷി ചെയ്യാനായി.

ലാംലിഡെന്‍സ് മാര്‍ജിനാലിസ് (Lamellidens Marginalis) എന്ന വിഭാഗത്തില്‍പ്പെടുന്ന ശുദ്ധജലത്തില്‍ വളരുന്ന കക്കകളെയാണ് മുത്ത് കൃഷിക്കായി ഉപയോഗപ്പെടുത്തുന്നത്. കേരളത്തിലെ എല്ലാ നദികളിലും ശുദ്ധജല തടാകങ്ങളിലും ഇത് ലഭ്യമാണ്. ഭക്ഷ്യയോഗ്യമല്ലാത്തതിനാല്‍ ഇവയെ കിട്ടാനും ബുദ്ധിമുട്ടില്ല. ഏതൊരാള്‍ക്കും ടെറസിന് മുകളില്‍ പോലും വിജയകരമായി മുത്ത് കൃഷി ചെയ്യാനാവുമെന്ന് മാത്തച്ചന്‍ പറയുന്നു.
അംഗീകൃത ജെമ്മോളജിസ്റ്റിന്റെ സര്‍ട്ടിഫിക്കറ്റ് ഉണ്ടെങ്കില്‍ മാത്രമേ മുത്തിന്റെ വില്‍പ്പന നടക്കുകയുള്ളൂ. ഇത് കൃഷി ചെയ്തുണ്ടാക്കുന്നതാണ് എന്ന സര്‍ട്ടിഫിക്കറ്റ് ലഭിക്കുമ്പോള്‍ കയറ്റുമതിയും സാധ്യമാകും. കൃത്രിമ മുത്തും, വില്‍പ്പന നിരോധിച്ചിട്ടുള്ള പ്രകൃതിദത്ത മുത്തും അല്ലെന്ന് തിരിച്ചറിയാനാണ് ഈ സര്‍ട്ടിഫിക്കേഷന്‍.

ചെന്നൈയിലെ ഭാരത് ജെം ലബോറട്ടറീസില്‍ മൊത്തമായി മുത്ത് നല്‍കുകയാണ് മാത്തച്ചന്‍ ചെയ്യുന്നത്. ജൂവല്‍റി ഗ്രൂപ്പുകള്‍ മിക്കതും സര്‍ട്ടിഫിക്കേഷനോടെയുള്ള മുത്ത് വാങ്ങാന്‍ തയാറാണ്. കാരറ്റിന് ചുരുങ്ങിയത് 365 രൂപ മാത്തച്ചന് ലഭിക്കുന്നു. ഒരു ഗ്രാം മുത്ത്് എന്നാല്‍ അഞ്ച് കാരറ്റ് തൂക്കം ഉണ്ടാകും.
മുത്ത് കൃഷിയില്‍ നിരവധി പേര്‍ക്ക്് പരിശീലനം നല്‍കി വരുന്ന മാത്തച്ചന്‍ കര്‍ണാടക സര്‍ക്കാരിന്റെ റിസോഴ്‌സ് പേഴ്‌സണ്‍ കൂടിയാണ്. അവിടെ സര്‍ക്കാര്‍ സബ്‌സിഡിയോടെ കര്‍ഷകര്‍ക്ക് പരിശീലനം ലഭ്യമാക്കുന്നു. കേരളത്തില്‍ അത്തരമൊരു സമീപനം ഉണ്ടെങ്കില്‍ മുത്ത് കൃഷിയിലൂടെ കര്‍ഷകര്‍ക്ക് ലക്ഷങ്ങള്‍ ഉണ്ടാക്കാമെന്ന് മാത്തച്ചന്‍ പറയുന്നു. കൃഷി ചെയ്ത മുത്ത് തിരിച്ചെടുക്കാമെന്നും അദ്ദേഹം വാഗ്ദാനം നല്‍കുന്നു.

മുത്ത് നേരിട്ട് വില്‍ക്കുന്നതിനു പകരം ആഭരണങ്ങള്‍ നിര്‍മിച്ച് സ്വന്തമായി വില്‍പ്പനയ്ക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ് മാത്തച്ചന്‍. ഇതിനായി മുത്ത് പതിച്ച വെള്ളിമോതിരങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. മുത്ത് പതിച്ച സ്വര്‍ണാഭരണങ്ങള്‍ ഉടനെ നിര്‍മിച്ച് വിപണിയില്‍ എത്തിക്കും. കര്‍ണാടകയിലെ 143 കര്‍ഷകരെ കൂടി ഉള്‍പ്പെടുത്തിയുള്ള കൂട്ടായ്മയിലാണ് സംരംഭം ഉയരുന്നത്.
ലാംലിഡെന്‍സ് മാര്‍ജിനാലിസ് (Lamellidens Marginalis) എന്ന വിഭാഗത്തില്‍പ്പെടുന്ന ശുദ്ധജലത്തില്‍ വളരുന്ന കക്കകളെയാണ് മുത്ത് കൃഷിക്കായി ഉപയോഗിക്കുന്നത്. കേരളത്തിലെ എല്ലാ നദികളിലും ശുദ്ധജല തടാകങ്ങളിലും ഇത് ലഭ്യമാണ്. ഭക്ഷ്യയോഗ്യമല്ലാത്തതിനാല്‍ ഇവയെ കിട്ടാനും ബുദ്ധിമുട്ടില്ല. ചുരുങ്ങിയത് 10 സെ.മി നീളവും 5 സെമീ വീതിയും ഉള്ള കക്കയെ പിടിച്ച് പുറന്തോടിനും മാംസത്തിനും ഇടയിലായി മുത്ത് രൂപപ്പെടാനുള്ള ന്യൂക്ലിയസ് നിക്ഷേപിക്കുന്ന മാന്റില്‍ കാവിറ്റി (Mantle Cavity) രീതിയുപയോഗിച്ചാണ് കൃഷി ചെയ്യുന്നത്. കക്കയുടെ തോട് കൊണ്ട് നിര്‍മിക്കുന്ന ബട്ടണ്‍ പോലെയുള്ള പ്രത്യേക വസ്തുവാണ് ന്യൂക്ലിയസ്. ഇതിന്‍മേലാണ് പ്രത്യേക ആവരണം രൂപപ്പെടുന്നത്. എട്ടുമാസം കാത്തിരുന്നാല്‍ 0.5 മില്ലി മീറ്റര്‍ കനത്തില്‍ ആവരണം രൂപപ്പെടും. അത് മുത്ത് ആയി മാറാനുള്ള ചുരുങ്ങിയ അളവാണ്. 1.5 മി.മി വരെ കനത്തില്‍ ആവരണം രൂപപ്പെടുമ്പോഴാണ് വിലയേറിയ മുത്ത് ഉണ്ടാകുന്നത്. ഏതൊരാള്‍ക്കും ടെറസിന് മുകളില്‍ പോലും വിജയകരമായി മുത്ത് കൃഷി ചെയ്യാനാകും.

ഉപകരണങ്ങളും അനുബന്ധ സാമഗ്രികളും
1. പ്ലാസ്റ്റിക് ബക്കറ്റ് (25 ലിറ്ററിന്റെ സുതാര്യമായത്) 50 എണ്ണം 200 രൂപ നിരക്കില്‍ : 10,000

2. ബക്കറ്റ് കാപ് 50 എണ്ണം 60 രൂപ നിരക്കില്‍ : 3000

3. റിംഗ് ബൗള്‍ 50 എണ്ണം 80 രൂപ നിരക്കില്‍ : 4000

4. പി വി സി പൈപ്പ് (മുക്കാല്‍ ഇഞ്ച്, അഞ്ച് അടി നീളം) 25 മീറ്റര്‍ 23 രൂപ നിരക്കില്‍ : 575

5. എഫ്ടിഎ പിവിസി 50 എണ്ണം അഞ്ചു രൂപ നിരക്കില്‍ : 250

6. എംടിഎ പിവിസി 50 എണ്ണം അഞ്ചു രൂപ നിരക്കില്‍ : 250

7. അഡോഫെക്‌സ് ആറെണ്ണം 20 രൂപ നിരക്കില്‍ : 120

8. പശ (ഫഌക്‌സ്‌ക്വിക്ക്) രണ്ടെണ്ണത്തിന് 40 രൂപ നിരക്കില്‍ : 80

9. ചിരട്ട 100ഃ2 : 200

10. ആല്‍ഗ (സൈപ്രിസ് അടക്കം) 1000 എണ്ണത്തിന് 2 രൂപ നിരക്കില്‍ : 2000

11. പ്ലാസ്റ്റിക് മഗ് 10 എണ്ണം 22 രൂപ നിരക്കില്‍ : 220

12. അറല്‍ഡൈറ്റ് ഗം 1 കിലോഗ്രാം 600 രൂപ നിരക്കില്‍ : 600

13. ഫിറ്റിംഗ് ചാര്‍ജ് : 3000

14. ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ചാര്‍ജ് : 500

15. മറ്റു ചെലവുകള്‍ : 750

ആകെ : 27519

ഉല്‍പ്പാദനചെലവ്
1. ശുദ്ധജല കക്ക 500 എണ്ണം 10 രൂപ നിരക്കില്‍ : 5000
2. ന്യൂക്ലിയസ് 500 എണ്ണം 100 രൂപ നിരക്കില്‍ : 50000
3. ആന്റിബയോട്ടിക് (കാപ്‌സ്യൂള്‍ പരാക്‌സിന്‍) 50 എണ്ണം 11 രൂപ നിരക്കില്‍ : 550
4. സ്ഥാപിക്കുന്നതിന് തൊഴിലാളികള്‍ക്കുള്ള കൂലി 500 രൂപ വീതം 5 പേര്‍ക്ക് : 2500
5. മെയ്ന്റനന്‍സ് (ഓരോ ദിവസവും ഒരു മണിക്കൂര്‍ വീതം 18 മാസം) 50 രൂപ നിരക്കില്‍ : 27,000

ആകെ : 85050

മൊത്തം ചെലവ് : 1,12,569
വിറ്റുവരവ്
(320 മുത്തിന് 18 മാസം കൊണ്ട് ലഭിക്കുന്നത്)
1. ഗ്രേഡ് എ 750 രൂപ നിരക്കില്‍ 200 എണ്ണത്തിന് : 1.5 ലക്ഷം
2. ഗ്രേഡ് ബി 500 രൂപ നിരക്കില്‍ 80 എണ്ണത്തിന് : 40,000
3. ഗ്രേഡ് സി 250 രൂപ നിരക്കില്‍ 40 എണ്ണത്തിന് : 10,000
ആകെ : 2 ലക്ഷം

ലാഭം : 200000 - 1,12,569 : 87431

വിവരങ്ങള്‍ക്ക്, ഫോണ്‍: 9446089736


Source: Dhanam Magazine

No comments: