വീട്ടിലിരുന്നും സമ്പാദിക്കാം - Business Ideas In India .in

Guidance and Business Ideas for Micro, Small and Medium Enterprises in Kerala.

Saturday, October 25, 2014

വീട്ടിലിരുന്നും സമ്പാദിക്കാം



ദൈനംദിന ചെലവുകള്‍ കൂടിക്കൊണ്ടിരിക്കുമ്പോള്‍ കുടുംബത്തില്‍ പുരുഷന്‍ മാത്രം സമ്പാദിക്കുക എന്ന പരമ്പരാഗത രീതിക്ക് മാറ്റം വന്നില്ലെങ്കില്‍ നിത്യചെലവുകളുടെ വര്‍ധനവ് സൃഷ്ടിച്ചേക്കാവുന്ന പ്രശ്നങ്ങള്‍ വലുതായിരിക്കും. സാമ്പത്തിക ഘടകങ്ങളേക്കാള്‍, സ്ത്രീ തൊഴിലെടുക്കുന്നത് സാമൂഹികവും മാനസികവുമായ ഒട്ടേറെ ഘടകങ്ങളെ സ്വാധീനിക്കുന്നു.
കേരളത്തില്‍ അഭ്യസ്തവിദ്യരുടെ എണ്ണം പരിശോധിച്ചാല്‍ പുരുഷന്മാരെക്കാള്‍ കൂടുതല്‍ ശതമാനം സ്ത്രീകളാണ്. കോളേജുകളില്‍ 60 ശതമാനത്തിലധികവും പെണ്‍കുട്ടികളാണ്. പിന്നീട് ഇവര്‍ വീട്ടമ്മമാരും മറ്റും മാത്രമായി മാറുന്നത് ഉണ്ടാക്കിയേക്കാവുന്ന കുടുംബ, സാമൂഹിക പ്രശ്നങ്ങള്‍ വലിയ തോതില്‍ നാം അനുഭവിച്ച് തുടങ്ങിയിരിക്കുന്നു. കുടുംബഭദ്രതയെ സ്വാധീനിക്കുന്ന രീതിയില്‍ സ്ത്രീകള്‍ അസംതൃപ്തരാവുക എന്നേടത്ത് കാര്യങ്ങള്‍ എത്തിക്കഴിഞ്ഞു. വീട്ടമ്മമാര്‍ തൊഴില്‍ തേടുന്നതും ചെയ്യുന്നതും അവരില്‍ സുരക്ഷിതത്വ ബോധവും ആത്മവിശ്വാസവും വര്‍ധിക്കുന്നതിന് കാരണമാകും. ഇതിനര്‍ഥം എല്ലാ സ്ത്രീകളും കുടുംബം വിട്ട് നിര്‍ബന്ധമായും തൊഴില്‍ തേടി പോകണം എന്നല്ല. വിദ്യാഭ്യാസ നിലവാരം, കുടുംബ പശ്ചാത്തലം എന്നിവക്കനുസരിച്ച് തങ്ങള്‍ക്കിണങ്ങിയ തൊഴില്‍ കണ്ടെത്തുന്നതും ചെയ്യുന്നതും അഭിലഷണീയമാണ്. പുറത്ത് പോയി തന്നെ തൊഴില്‍ തേടണമെന്നില്ല. വീട്ടിലിരുന്ന് ചെയ്യാവുന്ന തൊഴിലുകളും സംരംഭങ്ങളും ഒട്ടനവധിയുണ്ട്.
സ്ത്രീകള്‍ക്ക്, തങ്ങളുടെ സാഹചര്യങ്ങള്‍ക്കനുസരിച്ച് ചെയ്യാവുന്ന തൊഴിലുകളെയും തൊഴില്‍ ജന്യ കോഴ്സുകളെയും സാധ്യതകളെയും കുറിച്ചറിയേണ്ടത് അത്യാവശ്യമാണ്. സ്ത്രീകളുടെ സാധ്യതകളെ മൂന്ന് തരത്തില്‍ ക്രമീകരിക്കാം.
1. വീട്ടിലിരുന്ന് ഇന്റര്‍നെറ്റും കമ്പ്യൂട്ടറും ഉപയോഗിച്ച് ചെയ്യാവുന്ന ഓണ്‍ലൈന്‍ ജോലികള്‍.
2. സ്വയം സംരംഭകരാവാന്‍ കഴിവും താല്‍പര്യവുമുള്ളവര്‍ക്ക് യോജിക്കുന്ന സംരംഭങ്ങളും പദ്ധതികളും
3. തൊഴില്‍ ജന്യഹ്രസ്വകാല കോഴ്സുകള്‍
വീട്ടിലിരുന്ന് സമ്പാദിക്കാന്‍ തീരുമാനിച്ചാല്‍ ക്ഷമയും ശ്രദ്ധയും ഉണ്ടെങ്കില്‍ വളരെ രസകരമായ ഒരുപാട് സാധ്യതകള്‍ കണ്ടെത്താനാവും. ഓണ്‍ലൈന്‍ തൊഴിലുകള്‍ ഒരര്‍ഥത്തില്‍ തൊഴിലും വിനോദവുമാണ്.
ഓണ്‍ലൈന്‍ ടീച്ചര്‍ (ട്യൂട്ടര്‍)
അമേരിക്കയിലും മറ്റും ഹൈസ്കൂള്‍, ഹയര്‍ സെക്കണ്ടറി സ്കൂള്‍ തലത്തിലുള്ള വിദ്യാര്‍ഥികളില്‍ ഏതാണ്ട് 40-50 ശതമാനം പേരും സയന്‍സ്, മാത്സ് വിഷയങ്ങള്‍ക്ക് തോല്‍ക്കുന്നു. ഇതാണ് എജുക്കേഷന്‍ ഔട്ട് സോഴ്സിംഗ് മേഖലയില്‍ സാധ്യതയേറാന്‍ കാരണമായത്. സയന്‍സിലോ മാത്സിലോ പി.ജിയോ ബി.എഡോ കഴിഞ്ഞവര്‍ക്ക് ഇംഗ്ളീഷ്- പ്രത്യേകിച്ച് ഇംഗ്ളീഷില്‍ സംസാരിക്കാനുള്ള കഴിവ് മെച്ചപ്പെടുത്തിയാല്‍ വീട്ടിലിരുന്ന് ഇന്റര്‍നെറ്റ് വഴി പഠിപ്പിക്കാം. ഏതാണ്ട് മാസത്തില്‍ അറുപതിനായിരം രൂപ വരെ ഇങ്ങനെ സമ്പാദിക്കുന്നവരുണ്ട്. ചില സൈറ്റുകളില്‍ രജിസ്റര്‍ ചെയ്ത് അവര്‍ നടത്തുന്ന ടെസ്റുകള്‍ക്ക് വിധേയമായി കഴിവ് തെളിയിച്ചാല്‍ ജോലി ചെയ്യാന്‍ തുടങ്ങാം. വൈറ്റ് ബോര്‍ഡ് പോലുള്ള സോഫ്റ്റ് വെയറുകള്‍ ഉപയോഗിച്ച് ഈ ജോലി വീട്ടിലിരുന്നും ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 'ട്യൂട്ടര്‍ വിസ്റ' എന്ന വെബ് സൈറ്റില്‍ പ്രവേശിക്കുക.
ഓണ്‍ലൈന്‍ അക്കൌണ്ടിംഗ്
കോയമ്പത്തൂരില്‍ ബി.എസ്.സി ബയോടെക്നോളജി പഠിച്ച ക്രിസ്റീന എന്നെ ബന്ധപ്പെട്ടത് വിദൂര വിദ്യാഭ്യാസം വഴി ചെയ്യാവുന്ന എം.ബി.എകളെ കുറിച്ച് അറിയാനായിരുന്നു. ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്ന ഓണ്‍ലൈന്‍ അക്കൌണ്ടിംഗ് തൊഴിലിനൊപ്പം വീട്ടിലിരുന്ന് പഠിക്കാനേ ആവൂ എന്നതുകൊണ്ടാണ് വിദൂര വിദ്യാഭ്യാസത്തെക്കുറിച്ച് അന്വേഷിക്കുന്നത്. ബയോടെക്നോളജി പഠിച്ച ആ വിദ്യാര്‍ഥിനി അക്കൌണ്ടിംഗില്‍ വെറും ആറ് മാസത്തെ പരിശീലനം നേടുകയും ഇന്റര്‍നെറ്റ് കൃത്യമായി ഉപയോഗിക്കുകയും ചെയ്തതുകൊണ്ടാണ് ഇത്തരമൊരു സാധ്യതയില്‍ എത്തിച്ചേര്‍ന്നത്. അക്കൌണ്ടിംഗില്‍ ഫിനാന്‍സ്, ഓഡിറ്റിംഗ്, ബില്ലിംഗ് എന്നിവയില്‍ താത്പര്യമുള്ളവര്‍ക്ക് വീട്ടിലിരുന്ന് ഇത്തരം ജോലി ഒട്ടും ബുദ്ധിമുട്ടില്ലാതെ ചെയ്യാം. മോഷ, ഗുരു, ഇലാന്‍സ് എന്നീ വെബ്സൈറ്റുകള്‍ വഴി ഇത്തരം തൊഴില്‍ സാധ്യതകള്‍ കണ്ടെത്താനാകും.
കണ്ടന്റ് റൈറ്റിംഗ്
ഈ ലേഖകന്‍ നടത്തുന്ന സ്ഥാപനത്തിന്റെ വെബ്സൈറ്റില്‍ ഉള്ളടക്കവും സര്‍വീസുകളെ കുറിച്ചുള്ള വിശദീകരണങ്ങളും ചേര്‍ക്കേണ്ടിവന്നപ്പോള്‍ അത് ചെയ്യാന്‍ പറ്റിയ ആളുകളെ തേടി ഒരു ഓട്ടപ്രദക്ഷിണം നടത്തിയിരുന്നു. പ്രൊഫഷനുകളെല്ലാം വലിയ ചാര്‍ജാണ് പറഞ്ഞിരുന്നത്. അവസാനം വെബ്സൈറ്റ് നിര്‍മാതാക്കള്‍ തന്നെ നിര്‍ദേശിച്ചതനുസരിച്ച് ആലുവയിലെ ഒരു പ്രശസ്ത കോളേജില്‍ പഠിച്ചുകൊണ്ടിരുന്ന ഒരു വിദ്യാര്‍ഥിനിയാണ് ഒരു പേജിന് അഞ്ഞൂറ് രൂപ നിരക്കില്‍ ഈ ജോലി ചെയ്ത് തന്നത്. ഇംഗ്ളീഷില്‍ കഴിവുള്ളവര്‍ക്ക്, ക്രിയാത്മകമായ വിവരണശേഷിയുണ്ടെങ്കില്‍ വളരെ രസകരമായി ചെയ്യാവുന്ന ഒരു ജോലിയാണിത്. വെബ്സൈറ്റ് നിര്‍മാതാക്കള്‍, സോഫ്റ്റ്വെയര്‍ കമ്പനികള്‍ എന്നിവയുമായി ബന്ധപ്പെട്ട് ഈ ജോലി അന്വേഷിക്കാവുന്നതാണ്. ബ്രോഷറുകള്‍, പ്രോസ്പെക്ടസുകള്‍ എന്നിവ ഡിസൈന്‍ ചെയ്യുന്നവര്‍, പ്രിന്റിംഗ് കമ്പനികള്‍ എന്നിവയില്‍ സാധ്യതകള്‍ ഒരുപാടുണ്ട്.
മെഡിക്കല്‍ ട്രാന്‍സ്ക്രിപ്ഷന്‍
വിദേശത്ത്, പ്രത്യേകിച്ച് അമേരിക്കയില്‍ ഡോക്ടര്‍മാര്‍ രോഗികളെ പരിശോധിക്കുകയും ചികിത്സിക്കുകയും ചെയ്യുന്നതോടൊപ്പം ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് വിശദമായ മെഡിക്കല്‍ റിപ്പോര്‍ട്ട് സമര്‍പിക്കേണ്ടതുണ്ട്. ആശുപത്രികള്‍ ഇത്തരം ജോലികള്‍ ഡോക്ടര്‍മാരെ ഏല്‍പിച്ച് അവരുടെ സമയം കളയാറില്ല. പകരം ഡോക്ടര്‍മാര്‍ വാക്കിലോ വരയിലോ നല്‍കുന്ന സൂചനകള്‍ മാത്രമുപയോഗിച്ച് പുറംകരാര്‍ കമ്പനികളെ ഏല്‍പിച്ച് ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കുള്ള വിശദ റിപ്പോര്‍ട്ടുകള്‍ എഴുതി വാങ്ങുന്നു. ഈ ജോലി മെഡിക്കല്‍ ട്രാന്‍സ്ക്രിപ്ഷന്‍ എന്ന പേരില്‍ പഠിപ്പിക്കുകയും തൊഴില്‍ നേടിക്കൊടുക്കുകയും ചെയ്യുന്ന ചില കമ്പനികള്‍ കേരളത്തിലുമുണ്ട്. കോഴിക്കോട് അസുറെ (AZURE), പുത്തനത്താണിയിലെ ആക്സന്‍, കൊച്ചിയിലെ സ്പെക്ട്രം (SPECTRUM) തിരുവനന്തപുരത്ത് (CDIT)എന്നിവ പഠനവും തൊഴിലവസരവും നല്‍കുന്നു.
പ്രൂഫ് റീഡിംഗ്
ലോകത്തിലെ അറിയപ്പെടുന്ന പ്രസാധകശാലകളെല്ലാം മുഴുസമയ പ്രൂഫ് റീഡര്‍മാരെ വെക്കുന്നതിന് പകരം ഓണ്‍ലൈനായി ഈ ജോലി ചെയ്യിപ്പിക്കുന്നുണ്ട്. മാക്മില്ലന്‍, പെന്‍ഗ്വിന്‍ മുതലായ പ്രസാധകശാലകളുടെ വെബ്സൈറ്റില്‍ അവയുടെ ബാക്ക് ആന്റ് സപ്പോര്‍ട്ടില്‍ പ്രവേശിച്ചാല്‍ ഈ തൊഴിലുകള്‍ നമുക്കും തേടാവുന്നതാണ്.
പുറമെ വെബ്സൈറ്റ് ഡിസൈനിംഗ്, ബില്ലിംഗ്, കോഡിംഗ്, മെഡിക്കല്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസ്, ഓഡിറ്റിംഗ് എന്നീ മേഖലയിലൊരുപാട് തൊഴിലവസരങ്ങള്‍ ഓണ്‍ലൈനായി നമുക്ക് തേടാവുന്നതാണ്. ഫോട്ടോഷോപ്പ്, എക്സല്‍, പവര്‍പോയിന്റ് എന്നിവയില്‍ പ്രാവീണ്യമുള്ളവര്‍ക്ക് ഗുരു, മോക്ഷ, ഈസി ജോബ്സ്, ഓണ്‍ലൈന്‍ ജോബ്സ് എന്നിങ്ങനെയുള്ള സൈറ്റുകളിലൂടെ തൊഴില്‍ തേടാവുന്നതാണ്. ഓണ്‍ലൈന്‍ തൊഴില്‍ ദാതാക്കളില്‍ വളരെ പ്രമുഖരാണ് മെക്കാനിക്കല്‍ ടര്‍ക്സ്. എല്ലാവിധ ടെക്നിക്കല്‍ നോണ്‍ ടെക്നിക്കല്‍ ജോലികളും ഈ സൈറ്റിലൂടെ ലഭ്യമാണ്.
സ്വയം സംരംഭങ്ങള്‍ സാമ്പത്തിക മുന്നേറ്റത്തിനും
സ്വയം പര്യാപ്തതക്കും
ഇന്ത്യയിലെ തൊഴില്‍ശക്തിയുടെ ഏതാണ്ട് ആറ് മുതല്‍ പത്ത് ശതമാനം മാത്രമേ സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നുള്ളൂ. ബാക്കിവരുന്ന തൊഴില്‍ശക്തിയില്‍ അധികവും സ്വകാര്യ സംരംഭങ്ങളിലോ സ്വയം സംരംഭങ്ങളിലോ ആണ് കേന്ദ്രീകരിച്ചിരിക്കുന്നത്. ഭൂരിപക്ഷവും സ്വയം സംരംഭങ്ങളിലാണ് എന്നതാണ് വസ്തുത. തൊഴിലില്ലായ്മ കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ കേരളം മുന്‍പന്തിയിലാണ്. പ്രത്യേകിച്ച് അഭ്യസ്ഥവിദ്യരായ സ്ത്രീകള്‍ക്കിടയില്‍. ഈ പ്രശ്നത്തെ ഫലപ്രദമായി നേരിടാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ സ്ത്രീകള്‍ക്ക് സ്വയം സംരംഭങ്ങളും ചെറുകിട ബിസിനസ് സ്ഥാപനങ്ങളും വ്യവസായങ്ങളും സ്ഥാപിക്കുന്നതിനാവശ്യമായ ട്രെയിനിംഗ് പ്രോഗ്രാമുകള്‍, കോഴ്സുകള്‍, വായ്പാ പദ്ധതികള്‍ എന്നിവ വ്യവസ്ഥാപിതമായി നടത്തിവരുന്നുണ്ട്. വ്യവസായ വകുപ്പ,് നബാര്‍ഡ്, ചെറുകിട സൂക്ഷ്മ സംരംഭ മന്ത്രാലയം (മിനിസ്ട്രി ഓഫ് മൈക്രോ സ്മാള്‍ ആന്റ് മീഡിയം എന്റര്‍പ്രൈസസ്) തുടങ്ങി ഒട്ടനവധി കേന്ദ്ര സംസ്ഥാന സംരംഭങ്ങള്‍ ഈയൊരു ലക്ഷ്യം വെച്ചുകൊണ്ട് വ്യവസ്ഥാപിതമായി നടത്തിവരുന്നുണ്ട്. വനിത സംരംഭങ്ങള്‍ക്കായി പരിശീലന പദ്ധതികള്‍ പ്രൊജക്ട് രൂപ കല്‍പന, സാമ്പത്തിക സഹായം എന്നിവ ഇത്തരം സംവിധാനങ്ങളുടെയും സ്ഥാപനങ്ങളുടെയും പ്രധാന പദ്ധതികളില്‍ ഒന്നാണ്.
ജില്ലാ വ്യവസായ കേന്ദ്രങ്ങള്‍
കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ക്ക് കീഴിലെ സ്വയം സംരംഭക പരിശീലന കേന്ദ്രങ്ങളുമായി സഹകരിച്ച് പരിശീലന കോഴ്സുകളും വര്‍ക്ക് ഷോപ്പുകളും ജില്ലാവ്യവസായ കേന്ദ്രങ്ങളും നല്‍കിവരുന്നുണ്ട്. കോഴിക്കോട് ജില്ലയിലെ വ്യവസായ കേന്ദ്രം ഫല സംസ്ക്കരണവും സംരക്ഷണവും, പാക്കേജിംഗ്, അച്ചാര്‍ നിര്‍മാണം മുതലായ ഹ്രസ്വകാല പരിശീലനപരിപാടികള്‍ സംഘടിപ്പിക്കുകയും പരിശീലനം കഴിഞ്ഞവര്‍ക്ക് ധനസഹായത്തിനുള്ള മാര്‍ഗങ്ങള്‍ ഉപദേശിക്കുകയും ചെയ്യുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ വ്യവസായ കേന്ദ്രം കോഴിക്കോട്: 0495 2766035/ എറണാകുളം: 0484 2206022/ തിരുവനന്തപുരം: 0471 2326756
എം.എസ്.എം.ഇ (ചെറുകിട സൂക്ഷ്മ സംരംഭക മന്ത്രാലയം)
ചെറുകിട വ്യവസായ സംരംഭങ്ങള്‍ തുടങ്ങുന്നതിന് ആവശ്യമായ പരിശീലന പരിപാടികളും കോഴ്സുകളും നല്‍കുക, സാമ്പത്തിക സഹായ സ്രോതസ്സുകളെ കുറിച്ചുള്ള സഹായങ്ങള്‍ നല്‍കുക, പ്രൊജക്ടുകള്‍ നിര്‍മിച്ചുകൊടുക്കുക എന്നിവയാണ് ഇതിന്റെ കീഴിലെ ഓരോ സംസ്ഥാനങ്ങളിലുമുള്ള സ്ഥാപനങ്ങളുടെ ദൌത്യം.
സംഘടനകള്‍ക്കോ ക്ളബ്ബുകള്‍ക്കോ എന്‍.ജി.ഒകള്‍ക്കോ സ്വന്തം നിലക്കോ പ്രദേശികാവശ്യങ്ങള്‍ക്കോ അനുസൃതമായ കോഴ്സുകളും പരിശീലനപരിപാടികളും തുടങ്ങാന്‍ ആഗ്രഹമുണ്ടെങ്കില്‍ അതിന് എം.എസ്.എം. ഇ സഹായം തേടാവുന്നതാണ്. ഇതിന്റെ കേരള കേന്ദ്രത്തിന്റെ നമ്പര്‍: 0487 2360216
നബാര്‍ഡ്
കൃഷിയും അനുബന്ധ ചെറുകിട വ്യവസായ സംരംഭങ്ങളും പ്രോത്സാഹിപ്പിക്കുന്നതിനും വികസിപ്പിക്കുന്നതിനും സ്ഥാപിതമായ ഒരു കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമാണ് നബാര്‍ഡ്. അഗ്രികള്‍ച്ചര്‍ ക്ളിനിക്കുകള്‍, അഗ്രികള്‍ച്ചറല്‍ ബിസിനസുകള്‍, ചെറുകിട വ്യവസായ സംരംഭങ്ങള്‍ എന്നിവ തുടങ്ങുന്നതിനാവശ്യമായ ഒട്ടേറെ പദ്ധതികള്‍ നബാര്‍ഡിന് കീഴിലുണ്ട്.
അഗ്രി ക്ളിനിക്സ്
മണ്ണിനെ കുറിച്ച സാങ്കേതിക വിവരങ്ങള്‍ വിത- കൊയ്ത്ത്, സാങ്കേതിക ഉപദേശങ്ങള്‍, സഹായങ്ങള്‍, കന്നുകാലികള്‍, സംരക്ഷണ രീതികള്‍ എന്നിങ്ങനെ ഒട്ടേറെ മേഖലകളില്‍ ഉപദേശം നല്‍കുകയാണ് ഇതിന്റെ ദൌത്യം.
അഗ്രി ബിസിനസ്സ് സെന്റര്‍
കൃഷി ആയുധങ്ങളും ഉപകരണങ്ങളും വില്‍ക്കുകയും വാടകക്ക് കൊടുക്കുകയും ചെയ്യുന്ന സെന്ററാണിത്. നബാര്‍ഡിന്റെ സഹായത്തോടെ ഇത്തരം സംരംഭങ്ങള്‍ അഗ്രികള്‍ച്ചര്‍ അനുബന്ധ മേഖലകളില്‍ ഡിപ്ളോമ തലത്തിലോ ഹയര്‍ സെക്കന്ററി തലത്തിലോ വിദ്യാഭ്യാസം നേടിയവര്‍ക്ക് തുടങ്ങാവുന്നതാണ്. (www.nabard.org)
ഗ്രാമോധ്യോഗ് റോസ്ഗാര്‍ യോജന (ഗ്രാമീണ സ്വയം തൊഴില്‍ പദ്ധതി GRY)
ഖാദി ആന്റ് വില്ലേജ് ഇന്റസ്ട്രീസ് കമ്മീഷന്റെ കീഴിലാണിത്. സ്വയം സംരംഭങ്ങള്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പ്രൊജക്ടുകള്‍ തയ്യാറാക്കി നല്‍കുക. സാമ്പത്തിക സഹായങ്ങള്‍ നല്‍കുക. പരിശീലനം നല്‍കുക എന്നിവയാണ് ഈ പ്രൊജക്ടുകള്‍ കൊണ്ട് ഉദ്ദേശിക്കുന്നത്. (www.kudmbasree.org)
ബനാനാ ചിപ്സ് യൂണിറ്റ്, ലേഡീസ് സ്യൂട്ട് നിര്‍മാണ യൂണിറ്റ്, ജെന്‍സ് ടീഷര്‍ട്ട് നിര്‍മാണം, മസാല നിര്‍മാണം, നൂഡില്‍സ് മാനുഫാക്ചറിംഗ്, ടൊമാറ്റോ പ്രൊസസിംഗ് യൂണിറ്റ് എന്നിവയാണ് സ്വയം സംരംഭക പ്രൊജക്ടുകള്‍. കൂടുതല്‍ വിവരങ്ങള്‍ക്ക് (www.kvic-regppmegp.in) 
സ്വര്‍ണജയന്തി ഷഹരി റോസ്കാര്‍ യോജന (ടഖടഞഥ)
അമ്പതിനായിരം മുതല്‍ ഒരു ലക്ഷം രൂപ വരെ ചെലവുവരുന്ന സ്വയം സംരംഭങ്ങള്‍ ആരംഭിക്കുന്നതിനുള്ള സഹായ പദ്ധതിയാണിത്. മൊത്തം പ്രൊജക്ടിന്റെ പതിനഞ്ച് ശതമാനം സബ്സിഡിയുണ്ടാകും. സ്വന്തമായി ആവിഷ്കരിക്കുന്ന ഏതു സംരംഭങ്ങളും ഈ പ്രൊജക്ടിനു കീഴില്‍ ആരംഭിക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2324205 (www.kudumbashree.org)
നാഷണല്‍ ഇന്‍സ്റിറ്റ്യൂട്ട് എന്റര്‍പ്രണര്‍ഷിപ്പ് ആന്റ് ബിസിനസ് ഡവലപ്മെന്റ് (NIESBUD)
ചെറുകിട സൂക്ഷ്മ സംരംഭക മന്ത്രാലയത്തിന് കീഴിലുള്ള ഒരു സ്ഥാപനമാണിത്. മൂന്നോ നാലോ ആഴ്ചകള്‍ നീണ്ടുനില്‍ക്കുന്ന തൊഴില്‍ പരിശീലന കോഴ്സുകള്‍, തൊഴില്‍ജന്യ കോഴ്സുകള്‍, സ്വയം സംരംഭക പരിശീലനങ്ങള്‍ എന്നിവയാണ് ഈ സ്ഥാപനത്തിന്റെ പ്രധാന ആകര്‍ഷണം. പദ്ധതി ഉപദേശങ്ങള്‍, സ്വയം സംരംഭക പ്രൊജക്ട് നടപ്പാക്കലും തയ്യാറാക്കലും സാമ്പത്തിക സഹായ പ്രോത്സാഹനങ്ങളെ കുറിച്ച വിവരങ്ങള്‍ എന്നിവ നല്‍കുന്നുണ്ട്. (www.niesbud.nic.in) 
രാഷ്ട്രീയ മഹിള കോഷ് (നാഷണല്‍ ക്രെഡിറ്റ് ഫണ്ട് ഫോര്‍ വിമണ്‍)
സ്ത്രീകള്‍ക്കിടയിലെ ചെറുകിട സംരംഭങ്ങള്‍, തൊഴില്‍ പദ്ധതികള്‍ എന്നിവക്കായി സാമ്പത്തിക സഹായം നല്‍കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ചതാണിത്. ഇതിനെ കേരളത്തിലെ വനിതകളും സംഘടനകളും വേണ്ടത്ര ഉപയോഗിച്ചിട്ടില്ലെന്ന് പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നു. (ംംം.ൃാസ.ിശര.ശി)
മഹിളാ സമൃദ്ധി യോജന (MSY)
ന്യൂനപക്ഷ സമുദായ വനിതകള്‍ക്കുള്ള സ്വയം സംരംഭക പരിശീലന സഹായ പദ്ധതിയാണിത്. 15 മുതല്‍ 20 വരെ സത്രീകളടങ്ങുന്ന ഗ്രൂപ്പുകള്‍ക്കാണ് പരിശീലനവും പദ്ധതിയും നല്‍കുക. 16നും 30 നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് അപേക്ഷിക്കാവുന്നതാണ.് പ്രാദേശിക പ്രാധാന്യമനുസരിച്ചോ അംഗങ്ങളുടെ കൂട്ടായ താല്‍പര്യമനുസരിച്ചോ തെരഞ്ഞെടുക്കപ്പെട്ട മേഖലയില്‍ ആറുമാസം വരെ നീണ്ടുനില്‍ക്കുന്ന പരിശീലനം നല്‍കുക. ശേഷം സംരംഭങ്ങള്‍ തുടങ്ങാന്‍ ആവശ്യമായ സാമ്പത്തിക സഹായങ്ങള്‍ നല്‍കുക എന്നിവയാണ് ഇതിന്റെ പ്രധാന ലക്ഷ്യങ്ങള്‍. (www.nmdfc.org)

No comments: