സംരംഭകത്വ സഹായ പദ്ധതി - Business Ideas In India .in

Guidance and Business Ideas for Micro, Small and Medium Enterprises in Kerala.

Saturday, October 25, 2014

സംരംഭകത്വ സഹായ പദ്ധതി

ഉത്പാദന മേഖലയിലുള്ള സൂക്ഷ്മ -ചെറുകിട സംരംഭങ്ങള്‍ക്ക് കൈത്താങ്ങാകുന്നതിനുവേണ്ടി വിവിധ ഘട്ടങ്ങളില്‍ സാമ്പത്തിക സഹായം അനുവദിക്കാന്‍ വ്യവസായ വകുപ്പ് ആവിഷ്‌കരിച്ചതാണ് സംരംഭകത്വ സഹായ പദ്ധതി.

സംസ്ഥാനത്തെ വ്യവസായ മേഖലയ്ക്ക് പുത്തന്‍ ഉണര്‍വു നല്‍കാനായി വ്യവസായ വകുപ്പ് സംരംഭകത്വ സഹായ പദ്ധതി നടപ്പാക്കിത്തുടങ്ങി. സൂക്ഷ്മ-ചെറുകിട സംരംഭങ്ങള്‍ക്ക് സാമ്പത്തിക ആനുകൂല്യങ്ങള്‍ നല്‍കുന്ന പദ്ധതിയാണ് ഇത്. 2012 ഏപ്രില്‍ ഒന്നുമുതല്‍ പ്രവര്‍ത്തനം ആരംഭിക്കുകയോ, വായ്പാ അനുവദിക്കുകയോ, കൈപ്പറ്റുകയോ ചെയ്തിട്ടുള്ള വ്യവസായ സ്ഥാപനങ്ങള്‍ക്ക് ഈ പദ്ധതി പ്രകാരം ധനസഹായം ലഭിക്കും. ഡിസംബര്‍ 28നായിരുന്നു ഇതിനുള്ള ചട്ടങ്ങള്‍ അംഗീകരിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയത്. ഇതനുസരിച്ച് 2012 ഏപ്രില്‍ ഒന്നിന് മുമ്പുള്ള സാമ്പത്തിക ആനുകൂല്യങ്ങള്‍ മാര്‍ജിന്‍ മണിവായ്പ, മൂലധന നിക്ഷേപപദ്ധതി, എന്നിങ്ങനെ ആ വര്‍ഷം നിലവിലിരുന്ന പദ്ധതി അനുസരിച്ചായിരിക്കും നല്‍കുക. ഉത്പാദന സംരംഭങ്ങള്‍ക്ക് മാത്രമാണ് ഈ പദ്ധതി പ്രയോജനം ചെയ്യുക. ബാങ്ക് വായ്പ ഇല്ലാതെ സംരംഭങ്ങള്‍ ആരംഭിക്കുന്നവര്‍ക്കും ഇ.എസ്.എസ്. പ്രകാരമുള്ള ആനുകൂല്യം ലഭിക്കും.

പദ്ധതികള്‍ ഏകോപിപ്പിക്കുന്നു


സൂക്ഷ്മ-ചെറുകിട സംരംഭകരെ സഹായിക്കുന്നതിനായി ഒട്ടനവധി പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പാക്കിയിരുന്നു. യുവാക്കള്‍, വനിതകള്‍, പൊതുവിഭാഗക്കാര്‍, പട്ടികജാതി/വര്‍ഗ്ഗ വിഭാഗക്കാര്‍ എന്നിവര്‍ക്കായി പ്രത്യേകം പദ്ധതികളാണ് നടപ്പക്കിയിരുന്നത്. ഇവ പലപ്പോഴും സങ്കീര്‍ണമാവുകയും കാര്യക്ഷമതയെ ബാധിക്കുകയും ചെയ്തിരുന്നു. അര്‍ഹതയുള്ളവര്‍ക്ക് സമയത്ത് ആനുകൂല്യങ്ങള്‍ ലഭിക്കാതെ പോകുന്നതിനും അത് കാരണമായിട്ടുണ്ട് എന്നാണ് വിലയിരുത്തല്‍. അതുകൊണ്ട് അവയെ ഏകോപിപ്പിച്ച് ഒരൊറ്റ പദ്ധതിയായി നടപ്പാക്കുവാന്‍ തീരുമാനിക്കുകയായിരുന്നു. മൂലധന നിക്ഷേപ പദ്ധതി, വിമന്‍സ് ഇന്‍ഡസ്ട്രീസ് പ്രോഗ്രാം, മാര്‍ജിന്‍ മണി വായ്പാ പദ്ധതി, എന്‍.ആര്‍.കെ. വിഭാഗങ്ങള്‍ക്ക് വേണ്ടിയുള്ള മാര്‍ജിന്‍ മണിവായ്പാ പദ്ധതി, സാങ്കേതികവിദ്യാ വികസന സബ്ബ്‌സിഡി, ക്രെഡിറ്റ് ഗ്യാരണ്ടിഫണ്ട് പ്രകാരം നല്‍കുന്ന ഫീസുകള്‍ തിരിച്ച് നല്‍കുന്ന പദ്ധതി, യുവാക്കള്‍ക്കുള്ള സ്വയം തൊഴില്‍ വായ്പാ പദ്ധതി, പഴം-പച്ചക്കറി സംസ്‌കരണ സ്ഥാപനങ്ങള്‍ക്ക് നല്‍കുന്ന സബ്‌സിഡി, എന്നീ പദ്ധതികളാണ് വ്യവസായ വകുപ്പ് നടപ്പാക്കി വന്നിരുന്നത്. അവയൊന്നും ഇനി തുടരില്ല. പകരം ഇ.എസ്.എസ്. ആയിരിക്കും നടപ്പാക്കുക.

30ലക്ഷം രൂപവരെ സാമ്പത്തിക സഹായം


നെഗറ്റീവ് ലിസ്റ്റില്‍ പരാമര്‍ശിക്കാത്ത എല്ലാത്തരം ഉത്പാദന സംരംഭങ്ങള്‍ക്കും ഈ പദ്ധതി പ്രകാരമുള്ള സഹായത്തിന് അര്‍ഹതയുണ്ട്. ഒരു സംരംഭം തുടങ്ങുന്നതിന് ആവശ്യമായ സ്ഥിര മൂലധന നിക്ഷേപം പരിഗണിച്ചാണ് ആനുകൂല്യങ്ങള്‍ നല്‍കുക. ഭൂമി, ഭൂമി വികസനം, കെട്ടിടം, യന്ത്രസാമഗ്രികള്‍, ജനറേറ്ററുകള്‍, വൈദ്യുതീകരണ ചെലവുകള്‍ തുടങ്ങി നിക്ഷേപത്തിന്റെ തോത് അനുസരിച്ച് പരമാവധി 30ലക്ഷം രൂപവരെയാണ് സബ്‌സിഡി നല്‍കുക.

സംസ്ഥാനത്ത് ആരംഭിക്കുന്ന സാധാരണ സൂക്ഷ്മ-ചെറുകിട വ്യവസായങ്ങള്‍ക്ക് അവയ്ക്ക് വേണ്ടിവരുന്ന സ്ഥിര നിക്ഷേപത്തിന്റെ 15ശതമാനം പരമാവധി 20ലക്ഷം രൂപ എന്ന കണക്കില്‍ സബ്‌സിഡി നല്‍കുന്നു. എന്നാല്‍ വനിതകള്‍, പട്ടികജാതി/വര്‍ഗ്ഗ വിഭാഗക്കാര്‍, യുവാക്കള്‍ (45വയസ്സില്‍ താഴെ) എന്നിവര്‍ക്ക് ഇത് 20ശതമാനവും, പരമാവധി 30ലക്ഷം രൂപയുമാണ്. മുന്‍ഗണനാ വിഭാഗത്തില്‍ വരുന്ന വ്യവസായങ്ങള്‍ക്കും പിന്നാക്ക ജില്ലയിലെ സംരംഭങ്ങള്‍ക്കും, പുതിയ സാങ്കേതിക വിദ്യ പ്രയോഗിക്കുന്ന യൂണിറ്റുകള്‍ക്കും 10ശതമാനം, പരമാവധി 10ലക്ഷംരൂപ എന്ന കണക്കില്‍ അധിക സബ്‌സിഡിയും ലഭിക്കുന്നതാണ്.

റബ്ബര്‍, കാര്‍ഷിക-ഭക്ഷ്യസംസ്‌കരണം, റെഡിമെയ്ഡ് വസ്ത്രനിര്‍മ്മാണം, പാരമ്പര്യേതര ഊര്‍ജ്ജ ഉത്പന്നങ്ങള്‍, ബയോ ടെക്‌നോളജി, 100ശതമാനം കയറ്റുമതി സ്ഥാപനങ്ങള്‍, മണ്ണില്‍ നശിക്കുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍, ഉപയോഗ ശൂന്യമായ പ്ലാസ്റ്റിക്കുകളുടെ പുനരുപയോഗ സംരംഭങ്ങള്‍, ജൈവവളം, എന്നീ മേഖലകളാണ് മുന്‍ഗണനാ വിഭാഗത്തില്‍ വരിക. ഇടുക്കി, വയനാട്, കാസര്‍കോട്, പത്തനംതിട്ട, ജില്ലകളെ പിന്നാക്ക ജില്ലകളുടെ ഗണത്തില്‍പ്പെടുത്തിയിരിക്കുന്നു. പദ്ധതി വിഹിതത്തിന്റെ 30ശതമാനം സൂക്ഷ്മ സംരംഭങ്ങള്‍ക്കായി നീക്കി വയ്ക്കണമെന്ന് പ്രത്യേകം നിഷ്‌കര്‍ഷിക്കുന്നുമുണ്ട്.

ആനുകൂല്യങ്ങള്‍ മൂന്ന് ഘട്ടങ്ങളായി


ഇ.എസ്.എസ്. പദ്ധതി പ്രകാരമുള്ള ആനുകൂല്യങ്ങള്‍ മൂന്ന് ഘട്ടങ്ങളിലായി ലഭ്യമാക്കും. സംരംഭം ആരംഭിക്കുന്നതിന് മുമ്പ് 'തുടങ്ങാനുള്ള സഹായവും' (ടറമിറ ഡ്യ ടു്യ്യ്ിറ) ആരംഭിച്ച് കഴിഞ്ഞാല്‍ 'നിക്ഷേപ സഹായവും'' (കൃ്വവീറൗവൃറ ടു്യ്യ്ിറ) മെച്ചപ്പെട്ട സാങ്കേതിക വിദ്യ സമ്പാദിച്ചാല്‍ 'സാങ്കേതിക സഹായവും' (Thckrlcam Spyyvnd) നല്‍കാന്‍ ഇതില്‍ വ്യവസ്ഥ ചെയ്യുന്നു.ഇതില്‍ തുടങ്ങാനുള്ള സഹായം ബാങ്ക് വായ്പ എടുക്കുന്നവര്‍ക്ക് മാത്രമേ ലഭിക്കു. അതിനായി ഓണ്‍ലൈന്‍ അപേക്ഷ നല്‍കണം. അതിന് ലഭിച്ച നമ്പറും, ഒറിജിനല്‍ രേഖകളും ജില്ലാ വ്യവസായ കേന്ദ്രം, അല്ലെങ്കില്‍ അതിന്റെ കീഴിലുള്ള താലൂക്ക് വ്യവസായ ഓഫീസുകള്‍ എന്നിവിടങ്ങളില്‍ സമര്‍പ്പിക്കണം. കാലാവധി വായ്പ അനുവദിച്ചുകൊണ്ടുള്ള ബാങ്കിന്റെ ശുപാര്‍ശയും അപേക്ഷയോടൊപ്പം വേണം. വേണ്ടിവരുന്ന സ്ഥിര നിക്ഷേപത്തിന്റെ അര്‍ഹമായ സബ്‌സിഡിയുടെ 50ശതമാനത്തില്‍ കവിയാത്ത തുകയാണ് തുടങ്ങാനുള്ള സഹായമായി നല്‍കുക. എന്നാല്‍ ഇത് പരമാവധി മൂന്ന് ലക്ഷം രൂപവരെ ആയിരിക്കും.

'നിക്ഷേപ സഹായ'ത്തിനുള്ള അപേക്ഷ ഉത്പാദനം ആരംഭിച്ച് ഒരു വര്‍ഷത്തിനുള്ളില്‍ സമര്‍പ്പിക്കേണ്ടതാണ്. എന്നാല്‍ ന്യായമായ കാരണങ്ങള്‍ ഉണ്ടെങ്കില്‍ രണ്ട്‌വര്‍ഷം വരെ ഇതില്‍ ഇളവ് ലഭിക്കും. വൈവിധ്യവത്കരണം, വിപുലീകരണം, ആധുനികവത്കരണം എന്നിവ നടപ്പാക്കിയ സ്ഥാപനങ്ങള്‍ക്കും സഹായം ലഭിക്കും. സ്ഥിര നിക്ഷേപത്തിനുമേല്‍ നടത്തിയ അധിക നിക്ഷേപത്തിനാണ് ഇത് ലഭിക്കുക. ഇങ്ങനെയുള്ള ആനുകൂല്യങ്ങള്‍ക്ക് യന്ത്രസാമഗ്രികളിലെ നിക്ഷേപത്തില്‍ 25ശതമാനത്തിന്റെയും, വിപുലീകരണത്തിലുള്ള ഉത്പാദനശേഷിയില്‍ 25ശതമാനത്തിന്റെയും വര്‍ദ്ധന ഉണ്ടായിരിക്കണം. നിക്ഷേപ സഹായം സ്വീകരിക്കുന്ന സ്ഥാപനം ഉല്പാദനം ആരംഭിച്ച തീയ്യതി മുതല്‍ അടുത്ത അഞ്ചുവര്‍ഷം തുടര്‍ച്ചയായി പ്രവര്‍ത്തിച്ചു കൊള്ളാമെന്ന് മുദ്രപ്പത്രത്തില്‍ സമ്മതപത്രം നല്‍കേണ്ടതുണ്ട്.

'സാങ്കേതിക സഹായ'മാണ് മൂന്നാംഘട്ടം. പുതിയ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തുന്നതിനാണിത്. ആറ് മാസത്തിനുള്ളില്‍ ഇതിനുള്ള അപേക്ഷ സമര്‍പ്പിക്കണം. പുതിയ സംരംഭങ്ങള്‍ക്കും നിലവിലുള്ള സംരംഭങ്ങള്‍ക്കും ഈ ആനുകൂല്യം ലഭിക്കും. പരമാവധി 10ലക്ഷം രൂപവരെയാണ് അധിക സഹായമായി കിട്ടുക. സി.എഫ്.ടി.ആര്‍.ഐ, സി.എസ്.ഐ.ആര്‍., ഡി.എഫ്.ആര്‍.എല്‍., ഡി.ആര്‍.ഡി.ഒ., റബ്ബര്‍ബോര്‍ഡ്, സി.ടി.സി.ആര്‍.ഐ., ഐ.സി.എ.ആര്‍., കെ.വി.കെ. തുടങ്ങിയ സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും ലഭ്യമാകുന്ന സാങ്കേതിക കാര്യങ്ങള്‍ക്കാണ് സഹായം നല്‍കുക. ഗവണ്‍മെന്റ് എന്‍ജിനീയറിങ് കോളേജ് പോലുള്ള സ്ഥാപനങ്ങള്‍ വ്യവസായ പുരോഗതിക്ക് ഉതകുന്ന സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്താലും ഈ ആനുകൂല്യത്തിന് അര്‍ഹരാണ്. മെച്ചപ്പെട്ട പാക്കേജിങ് സംവിധാനം, ഊര്‍ജോത്പാദന സംരക്ഷണ സംവിധാനങ്ങള്‍ എന്നിവയ്ക്കും ഇത് പ്രകാരമുള്ള സഹായം ലഭിക്കും. ഇതിനായി സമര്‍പ്പിക്കുന്ന അപേക്ഷയില്‍ ഒരു മാസത്തിനുള്ളില്‍ തീരുമാനം എടുത്തിരിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.

നടപടിക്രമങ്ങള്‍ ഇങ്ങനെ


വ്യവസായ -വാണിജ്യ ഡയറക്ടറേറ്റ്, ജില്ലാ വ്യവസായ കേന്ദ്രങ്ങള്‍, താലൂക്ക് വ്യവസായ ഓഫീസുകള്‍ എന്നിവിടങ്ങളില്‍ അപേക്ഷ സ്വീകരിക്കും.

സംരംഭം തുടങ്ങാനുള്ള സഹായം വിതരണം ചെയ്യുന്നത് ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍.

നിക്ഷേപ സഹായവും സാങ്കേതിക സഹായവും അനുവദിക്കുന്നത് കളക്ടര്‍ ചെയര്‍മാനായ ജില്ലാതല കമ്മിറ്റി. ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ മെമ്പര്‍ സെക്രട്ടറിയായിരിക്കും.

രണ്ട് കോടിരൂപവരെയുള്ള മൂലധനനിക്ഷേപത്തിനുള്ള ആനുകൂല്യങ്ങള്‍ അനുവദിക്കുക ജില്ലാതലകമ്മിറ്റി. അതിനു മുകളില്‍ ഉള്ളവ വ്യവസായ-വാണിജ്യ ഡയറക്ടര്‍ ചെയര്‍മാനായ സംസ്ഥാനതല കമ്മിറ്റി. വ്യവസായ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ഇതിന്റെ മെമ്പര്‍ സെക്രട്ടറി.

സാധാരണ അപേക്ഷകര്‍ ഫീസായി 1000രൂപയും, പട്ടികജാതി /വര്‍ഗ്ഗ വിഭാഗക്കാര്‍ 500രൂപയും അടയ്ക്കണം.

Tag: Entrepreneur Support Scheme

No comments: